03:55am 07 November 2026
NEWS
കെഎസ്ആർടിസി ഇനി വേറെ ലെവലാണ്!
08/08/2025  04:01 PM IST
nila
കെഎസ്ആർടിസി ഇനി വേറെ ലെവലാണ്!

കേരളത്തിലെ ജനങ്ങളുടെ വികാരങ്ങളിലൊന്നാണ് കെഎസ്ആർടിസി. ആനവണ്ടിയെന്ന് എല്ലാവരും അരുമയോടെ വിളിക്കുന്ന കെഎസ്ആർടിസിയിൽ നിന്നും കഷ്ടപ്പാടിന്റെയും  ബുദ്ധിമുട്ടുകളുടെയും കഥകളാണ് എന്നും പുറത്തുവന്നിരുന്നത്. സമയത്തിന് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യം കെ എസ് ആർ ടി സിയിൽ ഉണ്ടായിരുന്നു. എന്നാൽ, കേരള കോൺ​ഗ്രസ് ബി നേതാവ് കെ ബി ​ഗണേഷ് കുമാർ ​ഗതാ​ഗത മന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തെ ഏറ്റവും നിലവാരമുള്ള ബസുകൾ കെ എസ് ആർ ടി സിക്കായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, കെ എസ് ആർ ടിസി പ്രേമികളെ ആവേശം കൊള്ളിക്കുന്ന ചില വാർത്തകളാണ് പുറത്തുവരുന്നത്. അതിനെ കുറിച്ച് പറയും മുമ്പ് ഇന്ന് നമ്മൾ കാണുന്ന ആനവണ്ടിയുടെ ചരിത്രം എന്തെന്ന് നമുക്കൊന്ന് അറിഞ്ഞുവരാം..

ലാഭത്തിന്റെ കണ്ണിലൂടെ നോക്കി ഉൾപ്പുളകം കൊള്ളാൻ കഴിയുന്ന ഭൂതകാലമല്ല ഈ ആനവണ്ടികൾക്കുള്ളത്. മറിച്ച്, ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രമാണ് കെഎസ്ആർടിസിക്കുള്ളത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നാട്ടിൽ പൊതു​ഗതാ​ഗത സംവിധാനം നിലവിൽ വരുന്നത്. പയ്നിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പദ്മാനാഭ സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായ്പ്പായിരുന്നു  തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ എംഡി. അന്ന് തൊട്ട് ഇന്നുവരെയുള്ള ട്രാൻസ്പോർട്ട് ചരിത്രത്തിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് ലാഭം രേഖപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. 
‌
തൊഴിലാളികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ചെറിയ പിഴവുകൾക്കോ വൈകലുകൾക്കോ പോലും ക്രൂരപീഡനങ്ങൾ തൊഴിലാളികൾ ഏറ്റുവാങ്ങി. അങ്ങനെയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം ആശാൻ കെ വി സുരേന്ദ്രനാഥ് മുൻകൈയെടുത്ത്  തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിൽ ഒരു യൂണിയൻ രൂപീകരിക്കുന്നത്. നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയൻ എന്നായിരുന്നു സംഘടനയുടെ പേര്. മുത്തുകറുപ്പ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. അത്യുജ്ജ്വലങ്ങളായ പോരാട്ടങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. എൻ സി ശേഖറും പട്ടം താണുപിള്ളയും പിന്നീട് സംഘടനയുടെ സാരഥികളായി. പിന്നീട് തിരുവിതാംകൂർ പ്രധാനമന്ത്രിയായ പട്ടം യൂണിയന്റെ സമരങ്ങളെ അടിച്ചമർത്തുവാൻ ശ്രമിച്ചതും ചരിത്രമാണ്. 

1952 ൽ ടി വി തോമസ് യൂണിയന്റെ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയുമാകുന്നതോടെ സംഘടനയുടെ സമരവീര്യം പതിന്മടങ്ങ് വർദ്ധിച്ചു. 1954 ൽ കേരള ചരിത്രത്തിൽ രക്തശോഭയോടെ തെളിഞ്ഞു നിൽക്കുന്ന ട്രാൻസ്പോർട്ട് സമരത്തിന് നാട് സാക്ഷ്യം വഹിച്ചു. പെൻഷൻ, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിച്ച സമരം കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. വെളിയം ഭാർഗ്ഗവൻ, ഇ പദ്മനാഭൻ, അനിരുദ്ധൻ, ഫക്കീർഖാൻ തുടങ്ങി അനവധി നേതാക്കൾ അറസ്റ്റിലായി. അന്നത്തെ പാർട്ടിയുടെ യുവനേതാവായിരുന്ന വെളിയം ഭാർഗ്ഗവന്റെ ഒരു വശത്തെ മീശ കൊടിൽ ഉപയോഗിച്ച് പിഴുത് മാറ്റിയാണ് അന്ന് പോലീസുകാർ രസിച്ചത്. സമരത്തിൽ പങ്കെടുത്തിന് തൊഴിലാളികളായ സത്യരാജപണിക്കരെയും പി കെ രാമനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലെത്തിയപ്പോഴാണ് അവരെ തിരിച്ചെടുത്തത്. 1962ൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പി കെ രാമൻ.

അതിനു ശേഷവും ത്യാഗ നിർഭരമായ പോരാട്ടങ്ങളിലൂടെയും കമ്മ്യുണിസ്റ്റു പാർട്ടി അധികാരത്തിലെത്തുമ്പോൾ അനുവദിച്ചു നൽകിയ ആനുകൂല്യത്തിലൂടെയുമാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കുവാനുള്ള അവസ്ഥയുണ്ടായത്. പിന്നീടിങ്ങോട്ട് കഷ്ടപ്പാടും പ്രാരാബ്ധവുമൊക്കെയാണെങ്കിലും ഈ നാട്ടിലെ ​ഗ്രാമങ്ങളിലൂടെയും ന​ഗരങ്ങളിലൂടെയും ആനമുദ്ര പതിപ്പിച്ച ഈ വണ്ടികൾ തലങ്ങും വിലങ്ങും ഓടി. പഴയ പിന്നിൽ മാത്രം ഡോറുള്ള ചുവന്ന ബസുകളിൽ നിന്നും മുന്നിലും പിന്നിലും ഡോറുകളായി. പിന്നീട് പല ബ്രാൻഡുകളിൽ നിറം മാറിയും വേ​ഗത കൂട്ടിയും കെ എസ് ആർ ടി സി എത്തി. ഇപ്പോഴിതാ, കേരളത്തിലെ ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്റ്റൈലിലുള്ള കെ എസ് ആർ ടിസി ബസുകൾ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബെംഗളൂരുവിലെ ബസ് ബോഡി നിർമാതാക്കളായ പ്രകാശിൽ ഒരുങ്ങുന്ന ബസ് എന്ന തലക്കെട്ടോടെയാണ് ബസുകളുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കെഎസ്ആർടിസി അധികൃതർ നൽകിയിട്ടില്ല.

ടൂറിസ്റ്റ് ബസുകളിൽ നൽകുന്ന പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകൾ നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസി ഹൈബ്രിഡ് ബസുകൾ എന്ന വിശേഷിപ്പിക്കുന്ന സ്ലീപ്പർ കം സീറ്റർ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉൾവശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബസുകളെ ഏറെ ആകർഷകമാക്കുന്ന ഇവയുടെ നിറമാണ്. ത്രിവർണ പതാകയുടെ നിറങ്ങളാണ് ഈ ബസിന്റെ ബോഡിയിൽ നൽകിയിരിക്കുന്നത്.

ആശോക് ലെയ്‌ലാൻഡിന്റെ 13.5 മീറ്റർ ഷാസിയിലാണ് ഈ ബസ് നിർമിക്കുന്നതെന്നാണ് വിവരം. ബസിന്റെ മുന്നിലും പിന്നിലും വശങ്ങളിലും കെഎസ്ആർടിസി ബാഡ്ജിങ് നൽകിയിട്ടുണ്ട്. പിൻഭാഗത്ത് കഥക്കളിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കാണാം. സൂപ്പർഫാസ്റ്റിനും ഫാസ്റ്റ് പാസഞ്ചറിനുമായി ടാറ്റയുടെ ഷാസിയിൽ എജിസിഎൽ ബോഡി ഒരുക്കിയ ബസുകളാണ് എത്തിയത്. ഓണത്തിന് മുന്നോടിയായി പുതിയ ബസുകൾ നിരത്തുകളിൽ ഇറങ്ങുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img